കൊയിലാണ്ടി : ആഗ്രഹിച്ച സ്കൂൾ കിട്ടിയപ്പോൾ കോഴ്സ് കട്ടപ്പുക, ആഗ്രഹിച്ച കോഴ്സ് കിട്ടിയപ്പോൾ സ്കൂൾ കട്ടപ്പുക… പ്ലസ് വൺ പ്രവേശനം തുടരുമ്പോൾ വിദ്യാർഥികൾ ആശങ്കയിൽ. മികച്ച വിജയം നേടിയ പലർക്കും ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കാതെ വന്നപ്പോൾ മറ്റു പലർക്കും ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം ലഭിച്ചില്ല. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചവർക്കു പോലും പ്ലസ് വൺ ക്ളാസുകളിലേക്ക് പ്രവേശനം ലഭിച്ചില്ല. ഉന്നത വിജയം നേടിയ പല കുട്ടികൾക്കും ഉദ്ദേശിച്ച കോഴ്‌സിലും പ്രവേശനം നേടാൻ കഴിഞ്ഞില്ല.
കൊയിലാണ്ടി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇത്തവണ 227 പേർക്ക് എസ്.എസ്.എൽ.സി.ക്ക് മുഴുവൻവിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി ജി.വി.എച്ച്.എസിൽ 166 പേരും ഫുൾ എ പ്ലസ് നേടി. അവർക്കുപോലും പ്ലസ് വണിന് സീറ്റ് ലഭിച്ചില്ല. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ 240 സീറ്റാണ് കൊയിലാണ്ടി ജി.ജി.എച്ച്.എസിൽ ഉള്ളത്.
സയൻസ് വിഷയത്തിൽ ആകെയുള്ള 60 സീറ്റിൽ റിസർവേഷൻ സീറ്റൊഴിച്ച് ബാക്കിവരുന്ന 27 സീറ്റിലേക്ക് പ്രവേശനം കിട്ടാൻ വലിയ കടമ്പകൾതന്നെ വേണം. സർക്കാർ-എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഓരോ വിഷയത്തിനും അധികബാച്ച് അനുവദിച്ചാൽ മാത്രമേ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ.
ബയോളജി സയൻസുള്ള സ്കൂളുകളിൽ ഒരുബാച്ചുകൂടി പുതുതായി അനുവദിക്കുമ്പോൾ സർക്കാരിന് അധികബാധ്യതയുണ്ടാവില്ലെന്ന് അധ്യാപകർതന്നെ പറയുന്നു. അധ്യാപകരില്ലാത്ത ചുരുക്കം ചില സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ച് പഠനം നടത്താവുന്നതാണ്. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെങ്കിൽ പി.ടി.എ യുടെ സഹായത്തോടെ അതും നിർവഹിക്കാവുന്നതാണ്.
പ്രവേശനം ലഭിക്കാത്ത കുട്ടികളും രക്ഷിതാക്കളും മാനേജ്‌മെന്റ് സീറ്റുകൾ തരപ്പെടുത്താൻ പരക്കം പായുകയാണ്. സയൻസ് വിഷയത്തിൽ ഒരുലക്ഷം രൂപപോലും സംഭാവനയായി ആവശ്യപ്പെടുന്ന സ്കൂളുകളുണ്ട്. കോവിഡ് കാലത്ത് സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന മിടുക്കരായ കുട്ടികളുടെ രക്ഷിതാക്കൾ വലിയ മാനസികപ്രയാസമാണ് അനുഭവിക്കുന്നത്.