തിരുവനന്തപുരം : ആനുവല്‍ പരീക്ഷയ്ക്കു മുമ്പ് സിലബസ് തീർക്കാൻ പ്ലസ്ടുക്കാരുടെ ഫസ്റ്റ് ബെൽ ക്ലാസുകൾ ബുദ്ധിമുട്ടിൽ. നിലവിലെ ഗതിയിൽ തുടർന്നാൽ പ്ലസ്ടുക്കാരുടെ സയൻസ് വിഷയങ്ങളിലെ സിലബസ് എങ്ങുമെത്തില്ല. ക്ലാസ് സമയം അരമണിക്കൂർകൂടി വർധിപ്പിക്കാൻ ആലോചന. നേരത്തെ അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു. സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് മുടങ്ങുന്നതിനാലാണ് ഇനിയും സമയം വർധിപ്പിക്കേണ്ടിവരുന്നത്. ഈ മാസം 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷയുള്ളതിനാൽ രണ്ടാംവർഷ ക്ലാസുകൾ നടത്താനാവില്ല. നിലവിൽ ഒരുകുട്ടിക്ക് പരമാവധി രണ്ടരമണിക്കൂർ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം. സയൻസ് പഠിപ്പിച്ചു തീരാത്തതിനാൽ ജനുവരി ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കിയേക്കും. പത്താം ക്ലാസുകാർക്ക് ഈ മാസം 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ല. അതിനാൽ അവർക്കും പുതുക്കിയ സമയക്രമം അനുവദിക്കേണ്ടിവരും.
മുൻതീരുമാനമനുസരിച്ച് പത്താംക്ലാസുകാരുടെ സിലബസ് ജനുവരി ആദ്യം തീർക്കേണ്ടതാണ്. നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകളാണ് പൂർത്തിയാക്കാനാവുക. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ലാസുകൾ ക്രമീകരിച്ച് പ്രശ്‌നങ്ങൾ ഒഴിവാക്കിയേക്കും. പ്ലസ്ടുവിൽ മറ്റുവിഷയങ്ങൾ തീർക്കാൻ പെടാപ്പാട് പെടുമ്പോൾ പഠിതാക്കൾ കുറവായ വിഷയങ്ങളിൽ ക്ലാസ് തുടങ്ങിയിട്ടില്ല. രണ്ടാംഭാഷകളായ മലയാളം, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയില്ല. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹോംസയൻസ്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളുടെ സ്ഥിതിയും ഇതുതന്നെ.