കൊച്ചി : വിവാദമായ പോലീസ് ആക്‌ട് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് ആക്ടിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പോലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനായുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ 118 എ ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് പോലീസ് നിയമഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് വിവാദമായ പോലീസ് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.