ഡല്‍ഹി : ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ ആലിംഗനം ചെയ്തുവെന്നും കൊറോണ രോഗിയാണെന്നും ആരോപിച്ച് പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് യുവാവിനെ നിലത്തിട്ട് തല്ലിച്ചതച്ചു. ഡെല്‍ഹിയിലെ സഗര്‍പുരിലാണ് സംഭവം നടന്നത്. തെക്കന്‍ ഡെല്‍ഹിയിലെ ഒരു കോളനിയില്‍ നിന്നുള്ള ഇമ്രാന്‍ എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവിനെ മര്‍ദിച്ച പോലീസ് കോണ്‍സ്റ്റബളിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം ഇമ്രാന്‍ ആളുകളെ ആലിംഗനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്ന് സഹോദരി രവീണ പറഞ്ഞു.
പാര്‍ക്കിന്റെ സമീപത്തൂടെ നടക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാനോട് തട്ടിക്കയറുകയായിരുന്നു. പേടിച്ചോടിയ ഇമ്രാന്റെ പിന്നാലെയെത്തിയ പോലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇമ്രാന് കൊവിഡ് ഉണ്ടെന്ന് നാട്ടുകാര്‍ കള്ളം പറഞ്ഞതാണെന്നും രവീണ പറഞ്ഞു. പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.