തൃശൂർ: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റിൽ രണ്ടാഴ്ചക്കിടെ പാർട്ടികളും സംഘടനകളും നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് അഞ്ചിലേറെ കേസെടുത്തതായി പോലീസ് അറിയിച്ചു. സി.പി.ഐ, എസ്.എഫ്.ഐ, കെ.എസ്.യു, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകൾക്കെതിരെയാണ് കേസ്. ചാവക്കാട് സ്റ്റേഷനിൽ മണത്തല മഹല്ല് കമ്മിറ്റിക്കും എസ്.ഡി.പി.ഐക്കും എതിരെയാണ് കേസ്. പ്രകടനത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്.
നേതൃത്വം കൊടുത്തവർ അടക്കം പരിപാടിയിൽ പങ്കെടുത്തവരിൽ 10 ശതമാനം പേർക്കെതിരെയാണ് കേസെടുക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. മണത്തല മഹല്ല് കമ്മിറ്റി നടത്തിയ പരിപാടിയിൽ 150 ലേറെ പേർക്കെതിരെ കേസെടുത്തതായി സ്പെഷൽ ബ്രാഞ്ചും വ്യക്തമാക്കി. സമാന സ്വഭാവത്തിൽ മറ്റ് സ്റ്റേഷൻ പരിധികളിലും കേസെടുക്കുന്നതായാണ് വിവരം. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്ന പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കേസെടുക്കാൻ നിർദേശമുണ്ടെന്നും അതനുസരിച്ച് പ്രവർത്തിക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന യതീഷ്ചന്ദ്ര പദവി ഒഴിഞ്ഞ് കണ്ണൂരിലേക്ക് പോകും മുമ്പ് വയർലെസിൽ ഉദ്യോഗസ്ഥർക്ക് ഈ സന്ദേശം കൈമാറിയിരുന്നു. ജനുവരി എട്ടിനാണ് യതീഷ്ചന്ദ്ര തൃശൂരിൽ പുതിയ സിറ്റി പൊലീസ് കമ്മീഷണർക്ക് ചുമതല കൈമാറിയത്. പ്രതിഷേധ പരിപാടികൾക്ക് അനുമതി തേടി സ്റ്റേഷനുകളിൽ എത്തുന്നവരോട് കീഴുദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. പ്രതിഷേധ പരിപാടികൾക്ക് മൈക്ക് അനുമതി നൽകുന്നുമില്ല. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം, പോലീസ് നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിക്കുന്നത്.