ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി പോലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധത്തിനായി സമരക്കാര്‍ എത്തിത്തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ജാതിക്ക് പകരം സാമ്പത്തിക സ്ഥിതിയും മെറിറ്റും അടിസ്ഥാനമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തറില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ധാരാളം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസിന് പുറമേ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധം ജന്തര്‍ മന്തറില്‍ നടത്തിയതില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാംലീല മൈതാനിയില്‍ ആയിരുന്നു ഇന്നലെ സമരത്തിന് അനുമതി നല്‍കിയത്. എന്നാല്‍ സമരക്കാര്‍ ജന്തര്‍ മന്തറില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്.





























