ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ വിളിച്ചുചേർത്ത വള്ളസമിതികളുടെയും ക്ലബ്ബുകളുടെയും യോഗം. നെഹ്‌റു ട്രോഫി വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കെ.സി.വേണുഗോപാൽ എംപിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. വള്ളങ്ങളിൽ അതിഥിത്തൊഴിലാളികളായ തുഴച്ചിലുകാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന നെഹ്റു ട്രോഫി ചട്ടത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. 25% അതിഥിത്തുഴച്ചിലുകാർ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരാണോ അതോ ആകെ ടീമിലെ തുഴച്ചിലുകാരാണോ എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം.
പല ക്ലബ്ബുകളും ആകെ തുഴച്ചിലുകാരെ 25 ശതമാനത്തിൽ കുറച്ചാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ചില ക്ലബ്ബുകൾ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരുടെ 25 % പേരെയാണ് അതിഥിത്തുഴച്ചിലുകാരായി നിയോഗിച്ചിരിക്കുന്നത്. വിഷയം വലിയ തർക്കത്തിന് ഇടയാക്കിയതോടെ വള്ളത്തിൽ കയറുന്നവരിൽ അതിഥിത്തുഴച്ചിലുകാർ 25 ശതമാനത്തിൽ കൂടരുത് എന്ന് യോഗം തീരുമാനിച്ചു. എന്നാൽ, ഈ ചട്ടം പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ലാത്തത് ക്ലബ്ബുകൾ ചൂണ്ടിക്കാണിച്ചു. എല്ലാ വള്ളങ്ങളെയും വിശദമായി പരിശോധിക്കാനും എല്ലാ വള്ളങ്ങളുടെയും വിശദമായ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പരാതികളുയരുകയോ നിയമലംഘനം ശ്രദ്ധയിൽപെടുകയോ ചെയ്താൽ വിഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ചു മത്സരശേഷം നടപടി സ്വീകരിക്കും.
നിയമലംഘനം കണ്ടെത്തിയാൽ വള്ളത്തിൽ നിന്ന് ട്രോഫി തിരിച്ചുവാങ്ങുകയും അടുത്ത 3 വർഷത്തേക്കു നെഹ്റു ട്രോഫിയിൽ നിന്നും സിബിഎലിൽ നിന്നും വിലക്കുകയും ചെയ്യും. എന്നാൽ ഇതെല്ലാം മത്സരശേഷവും സമ്മാന വിതരണം കഴിഞ്ഞ ശേഷവുമല്ലേ എന്നതാണ് ക്ലബ്ബുകൾ ചോദിക്കുന്നത്. മത്സരസമയം തന്നെ ഇതു പരിശോധിക്കാൻ കൃത്യമായ സംവിധാനമൊരുക്കണമെന്നാണ് ക്ലബ്ബുകൾ ആവശ്യപ്പെടുന്നത്. എന്നാൽ മത്സരസമയം ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയതാണെന്നാണ് അധികൃതർ പറയുന്നത്.































