കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക് മാറുന്നു. സംസ്ഥാനത്താകെ അഞ്ച് ഓഫീസുകൾ വാടകക്കെട്ടിടങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. കൊല്ലം അടക്കമുള്ള ചില ഓഫീസുകൾ മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കൊല്ലം നഗരഹൃദയത്തിൽ സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസാണ് മാസം 30,866 രൂപ വാടക നൽകി മാറ്റുന്നത്. സംസ്ഥാനത്താകെയുള്ള 84 യൂണിറ്റുകളും മാറ്റിയാൽ ഒരുമാസം കാൽക്കോടിയോളം രൂപ വാടക നൽകേണ്ടിവരും. ഇടതു സർക്കാരിന്റെ കാലത്തെ, ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകൾ മാറ്റുന്നത്.
പ്രവർത്തനങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനായി ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം സ്വകാര്യ കെട്ടിടങ്ങളിലേക്കു മാറി പ്രവർത്തിക്കണമെന്നായിരുന്നു ആ ഉത്തരവിലെ നിർദേശം. വാഹനങ്ങളുടെ നീക്കങ്ങൾ രഹസ്യമായി സൂക്ഷിക്കുക, നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിക്കൂടിയാണ് ഓഫീസുകൾ മാറ്റാൻ നിർദേശിച്ചത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മാതൃകയിലേക്ക് പ്രവർത്തനം മാറ്റുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കുറ്റാന്വേഷണ ഏജൻസികളുടെ രീതിയിലുള്ള പ്രവർത്തനം ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന് ആവശ്യമായി വരുന്നില്ലെന്ന് വകുപ്പിലെതന്നെ ഒരുവിഭാഗം വിലയിരുത്തി. തുടർന്ന് നടപടികൾ വേണ്ടവണ്ണം പുരോഗമിച്ചില്ല.
അന്നു നൽകിയ പ്രൊപ്പോസലുകൾ പൊടിതട്ടിയെടുത്താണ് ഇപ്പോൾ വാടകക്കെട്ടിടങ്ങൾ തേടുന്നത്. അയൽ ജില്ലകളിലേക്കും മറ്റും തിരച്ചിലുകൾക്കായി ഉദ്യോഗസ്ഥർ ദിവസങ്ങൾക്കുമുൻപേ പുറപ്പെടുന്നതിനാൽ ഓഫീസ് മാറ്റത്തിന് പ്രസക്തിയില്ലെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. നാലു നിലകളുള്ള കൊല്ലം ആശ്രാമം ചരക്കുസേവനനികുതി സമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഇന്റലിജൻസ് വിഭാഗം, പുളിയത്തുമുക്കിലുള്ള കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ഇങ്ങനെയുള്ള മാറ്റങ്ങൾക്ക് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗമാണ് വാടക നിശ്ചയിച്ചു നൽകുന്നത്. പരിസരത്ത് മറ്റ് സർക്കാർ കെട്ടിടങ്ങൾ ഇല്ലെന്നുകൂടി സാക്ഷ്യപ്പെടുത്തിയാണ് സ്വകാര്യ കെട്ടിടത്തിന്റെ വാടക, പി.ഡബ്ല്യു.ഡി. നിശ്ചയിച്ചു നൽകുന്നത്.































