പത്തനംതിട്ട : അവശ്യമരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ എത്തിക്കുന്നതിലും പൊതുജനങ്ങള്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങള്‍ക്കും ജനങ്ങള്‍ക്കു പോലീസിനെ സമീപിക്കാം. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ലോക്ക്ഡൗണ്‍ കാലത്തെ പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ പോലീസ് തികഞ്ഞ ജാഗ്രത പുലര്‍ത്തിവരുകയാണ്.
ജനമൈത്രി പോലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. വെച്ചൂച്ചിറ കുറുമ്പന്‍ മൂഴി പട്ടികവര്‍ഗ കോളനിയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് അടിയന്തരമായി വേണ്ട മരുന്നുകള്‍ പൊന്‍കുന്നത്ത് നിന്നും വെച്ചൂച്ചിറ ജനമൈത്രി പോലീസ് എത്തിച്ചു. പത്തനംതിട്ടയില്‍ നിന്നും അവശ്യമരുന്നുകള്‍ തണ്ണിത്തോട്ടില്‍ താമസിക്കുന്ന ചികിത്സയിലിരിക്കുന്ന കുട്ടികള്‍ക്ക് തണ്ണിത്തോട്ട് പോലീസ് ലഭ്യമാക്കി.
കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൊടുമണ്‍ ജംഗ്ഷനിലും പരിസരങ്ങളിലും അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. കൊടുമണ്‍ ചിരണിക്കല്‍ ഏയ്ഞ്ചല്‍സ് ഹോമില്‍ ഭക്ഷ്യധാന്യ വിതരണം നടത്തി. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ കോന്നി ജനമൈത്രി പോലീസ് സുഖമില്ലാത്ത വയോധികയെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.