ചിറ്റാര്‍ : ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 435 ലിറ്റര്‍ കോട പിടിച്ചെടുത്തു. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ ചിറ്റാര്‍ എക്സൈസ് റെയിഞ്ചിലെ പെരിനാട് കൂനംകര വയറന്‍മരുതി മുറിയില്‍ കൊല്ലം പറമ്പില്‍ വീട്ടില്‍ വിനുകുട്ടനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.
അടുക്കളയുടെ ഭാഗത്ത് പ്രത്യേകം തയാറാക്കിയ ഗ്യാസ് അടുപ്പില്‍ വ്യവസായിക അടിസ്ഥാനത്തില്‍ വില്‍ക്കുന്നതിനായി തയാര്‍ ചെയ്ത 435 ലിറ്റര്‍ കോടയും അനുബന്ധ വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ഗ്യാസ്‌കുറ്റി, അടുപ്പുകള്‍ എന്നിവ കണ്ടെടുത്തു. സ്പെഷല്‍ സ്‌ക്വാഡ് അസിസ്റ്റന്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ രേണുനാഥന്‍, പ്രിവന്റീവ് ഓഫീസര്‍ ഗോപകുമാര്‍, എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ടി.എസ് സുരേഷ്, ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുഭാഷ് കുമാര്‍, വിമല്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിനൂജ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീ അംഗങ്ങളായ ടി.എന്‍. ബിനുരാജ്, എന്‍. പ്രവീണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.