ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പോലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍, ഭക്ഷണം, വെള്ളം, ഓക്സിജന്‍, രക്തം, പ്ലാസ്മ എന്നിവ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍, ഏത് ആവശ്യത്തിനും ശ്രീനിവാസിന്റെ വാര്‍റൂം സജ്ജമായിരുന്നു. ഡല്‍ഹിയില്‍ പ്രതിസന്ധിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം എത്തിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഈ നേതാവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പോലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേ വാലയും വ്യക്തമാക്കി.