ഫ്ലോറൻസ്: വടക്കൻ ഇറ്റലിയിൽ അടിമകൾക്ക് സമാനമായ രീതിയിൽ കൃഷിപ്പണികളിലേർപ്പെടേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പോലീസ്. 2 ഇന്ത്യക്കാരാണ് മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇവരെ രണ്ട് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആഴ്ചയിലെ 7 ദിവസവും 10 മണിക്കൂറിലേറെയാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നത്. കടം വാങ്ങിയ പണം പോലും തിരികെ നൽകാൻ ഉതകുന്ന വരുമാനമായിരുന്നില്ല ഇവർക്ക് വേതനമായി ലഭിച്ചിരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 45579718 രൂപയാണ് ഇവരെ ഇവിടെ എത്തിച്ചവരിൽ നിന്ന് പൊലീസ് പിടികൂടിയത്. ഈ തുകയിലേറെയും അടിമപ്പണി ചെയ്ത ആളുകളിൽ നിന്ന് പല പേരിൽ തട്ടിച്ചെടുത്തതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൃത്യമായ കരാറുകളില്ലാതെ ആളുകളേക്കൊണ്ട് കാർഷിക തൊഴിൽ എടുപ്പിക്കുന്നത് ഇറ്റലി ഏറെക്കാലമായി നേരിടുന്ന വെല്ലുവിളികളിലൊന്നാണ്.
അടിമപ്പണിയിൽ നിന്ന് പോലീസ് രക്ഷിച്ചെടുത്ത 33 പേർക്കും താൽക്കാലിക തൊഴിൽ അനുമതി നൽകാനായി ഓരോ ആൾക്കും 1548734 രൂപ വീതമാണ് അടയ്ക്കേണ്ടി വന്നതെന്നാണ് വെറോണ പ്രവിശ്യയിലെ പോലീസ് ബിബിസിയോട് വിശദമാക്കിയത്. സ്വർണവും സ്ഥലും അടക്കം പണയം വച്ചാണ് ഇറ്റലിയിലെത്താനുള്ള മാർഗം കണ്ടെത്തിയവരാണ് വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടത്. ഇവരുടെ പാസ്പോർട്ട് അടക്കമുളള രേഖകൾ പിടിച്ച് വച്ച ശേഷം 10 മുതൽ 12 മണിക്കൂർ വരെയാണ് ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചത്. മണിക്കൂറിന് വെറും നാല് യൂറോ ഏകദേശം 364 രൂപ മാത്രമായിരുന്നു നൽകിയിരുന്നത്.