റാന്നി : ഇടപ്പാവൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഇന്ന്. പ്രസിദ്ധമായ അൻപൊലി എഴുന്നെള്ളത്തിൽ പങ്കെടുക്കാനും ദേവിക്കു മുന്നിൽ അൻപൊലി സമർപ്പിക്കാനും നാടെല്ലാം ക്ഷേത്രത്തിൽ ഒത്തു ചേരുന്ന സുദിനമാണ് ഇന്ന്. പകൽ പൂരവും രാത്രി പൂരവും ഒരുക്കിയാണ് ഭക്തർ നാടിന്റെ ദേവതയ്ക്കു മുന്നിൽ എത്തുന്നത്. ഇടപ്പാവൂർ അമ്മയുടെ കരയിൽ ജനിച്ചവരെല്ലാം ഇന്ന് പൂരം ഉത്സവത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തും. വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തുചേരുന്ന അവർക്കെല്ലാം ഇന്നത്തെ ഉത്സവം ആഘോഷമാണ്. പകൽ പൂരം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പിക്കും.
ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെയും പൂത്താലത്തിൻ്റെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെ ദുർഗാ ക്ഷേത്രത്തിലേക്ക് പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത് നടക്കും. സ്വർണ ജീവിതയിലാണ് ദേവി എഴുന്നള്ളുന്നത്. 11ന് മഹാപ്രസാദമൂട്ട്, 5.30ന് പേരൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 7ന് രാത്രി പൂരത്തിനു തുടക്കമാകും. പേരൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് എതിരേൽപ് നടക്കും. വഞ്ചിപ്പാട്ട്, വേലകളി, താലപ്പൊലി, തെയ്യം, കരകം, പമ്പമേളം, നാഗനൃത്തം, ശിവപാർവതി നൃത്തം, വിളക്ക് നൃത്തം, കൊട്ടക്കാവടി, മയൂരനൃത്തം, ഹനുമാൻ വേഷം, പാഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, മുത്തുക്കുടകൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെയാണ് എതിരേൽപ്. 9ന് സേവ, 10ന് വിളക്കിനെഴുന്നള്ളത്ത്, 11ന് ഗാനമേള, 3ന് ആറാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും.