പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പരാതികളുമായി അനുദിനം പോലീസ് സ്‌റ്റേഷനുകളിൽ എത്തിക്കൊണ്ടിരിക്കുന്നത് . കൊല്ലം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയത് .
പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇവർക്ക് പോപ്പുലർ ഫിനാൻസിൽ നിന്ന് ലഭിക്കാനുള്ളത് എന്ന് പരാതിയിൽ പറയുന്നു . പുനലൂരിൽ ഒരു വ്യക്തിക്ക് ഒരു കോടി രൂപയാണ് പോപ്പുലർ ഫിനാൻസ് പുനലൂർ ബ്രാഞ്ചിൽ നിന്നു മാത്രം ലഭിക്കാനുള്ളത് . തോട്ടം വിറ്റപ്പോൾ ലഭിച്ച പണം ബ്രാഞ്ചിൽ നിന്ന് എത്തിയ എക്സിക്യൂട്ടിവിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഡെപ്പോസിറ്റ് ചെയ്തത് . പലിശ ഈ മാർച്ച് മാസം വരെ കൃത്യമായി കിട്ടിക്കൊണ്ടിരുന്നു. ഏപ്രിൽ മുതൽ പലിശ മുടങ്ങി. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ലോക്ക് ഡൗൺ മൂലം ബിസിനസ്സ് ഡൗൺ ആയി എന്നും ജൂൺ മുതൽ പലിശ കൂട്ടി ലഭിക്കുമെന്നും ഇവർ വിശ്വസിപ്പിച്ചു. എന്നാൽ ജൂൺ മാസം മുതൽ ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോൾ ഹെഡ് ഓഫീസിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ബ്രാഞ്ചിൽ നിന്ന് അറിയിച്ചത് . തുടർന്ന് പണം പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ ജൂലായ് അവസാന വാരം എത്താൻ നിർദ്ദേശിച്ചു ഈ സമയം സംസ്ഥാനത്തിന് പുറത്തായതിനാൽ നാട്ടിലെത്തി ഇവർക്ക് ക്വാറൻറീനിൽ കഴിയേണ്ടതായി വന്നു. ഇതിനിടെയിലാണ് പോപ്പുലർ ഗ്രൂപ്പിന്റെ തട്ടിപ്പ് പത്തനംതിട്ട മീഡിയായിലൂടെ പുറത്തുവന്നത്.
അതേ സമയം മൂവായിരം കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതോടെ സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന ആവശ്യവും പൊതുജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്