മല്ലപ്പളളി : പാടിമൺ – കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ ശരിയായി മൂടാത്തത് കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നു. ശാസ്താംകോയിക്കൽ ജംഗ്ഷനിൽ മുരണി റോഡ് ചേരുന്ന ഭാഗത്തും എൻ.എസ്.എസ് സ്കൂളിന് സമീപവുമാണ് റോഡില്‍ വലിയ ഗർത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിന് ശേഷം കുഴികൾ ശരിയായ രീതിയില്‍ നികത്താത്തതിനാല്‍ ഈ ഭാഗത്ത് വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. ശാസ്താംകോയിക്കൽ മുതൽ പുത്തൂർ പടിവരെ റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പൈപ്പ് പൊട്ടലിനെ തുടർന്ന് നിരവധി കുഴികളാണ് രൂപപ്പെട്ടത്. കുഴികൾ ഒഴിവാക്കി സഞ്ചരിക്കാൻ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
ടിപ്പർ ലോറികൾ വരെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നുണ്ട്. കുഴി രൂപപ്പെട്ടിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇത് നികത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി. വാട്ടര്‍ അതോറിട്ടിയുടെ ഈ അനാസ്ഥ വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിനും കാരണമാകുന്നുണ്ട്. സ്കൂള്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പടെ ദിവസവും നിരവധി വാഹനങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.





























