പത്തനംതിട്ട : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്ന പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിലെ പ്രിൻസിപ്പലിനെ പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. കോളജിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ വന്നതോടെ വിദ്യാർഥികൾ സമരരംഗത്തേക്ക് ഇറങ്ങിയതാണ് സ്ഥലംമാറ്റത്തിന് ഇടയാക്കിയത്. സമരത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിച്ചില്ല എന്നതാണ് പ്രധാനകാരണമെന്ന് അറിയുന്നു. തിരുവനന്തപുരം സ്വദേശിനിയായ പ്രിൻസിപ്പൽ ഗീതാകുമാരിയെ കാസർകോട്ടേക്കാണ് മാറ്റിയത്.
വിദ്യാർഥികൾ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫിസിലേക്ക് ഉൾപ്പെടെ സമരവുമായി ഇറങ്ങിയതോടെ വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ തിരുവനന്തപുരത്ത് ജൂലൈ അവസാനം യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പ്രിൻസിപ്പലിനെ കുറ്റപ്പെടുത്താനാണ് അധികൃതർ ശ്രമിച്ചത്. ഒടുവിൽ പി.ടി.എയുടെ സമ്മർദ്ദത്തെ തുടർന്ന് ഒരാഴ്ചക്കകം വിദ്യാർഥികൾക്ക് ബസ് അനുവദിക്കാനും തീരുമാനമായതാണ്. എന്നാൽ, അതിനും നടപടി ആയിട്ടില്ല. സമരം ചെയ്ത വിദ്യാർഥികളെ വയനാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലെ നഴ്സിങ് കോളേജുകളിലേക്ക് മാറ്റാനും ആലോചന നടന്നിരുന്നു. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ അത് നടക്കാതെ പോയി.