കൊച്ചി: കോവിഡ് -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബുകളുടെ ആവശ്യം. അല്ലാത്തപക്ഷം സബ്സഡി നല്‍കണം.
സര്‍ക്കാര്‍ ഉത്തരവ് ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ 1700 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നത്. ഈ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ നിരക്ക് ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ് പരിശോധന നിരക്ക് കുറച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. എന്നാല്‍ 500 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ നടത്താനാവില്ലെന്ന് കാണിച്ച് പലയിടത്തും പരിശോധന നിര്‍ത്തിവെച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.