ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആശുപത്രികള്‍ക്ക് പകരം യു.പി സര്‍ക്കാര്‍ ശ്മശാനങ്ങളുടെ ശേഷിയാണ് വികസിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
യു.പിയില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ് തയാറാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സങ്കടപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. എല്ലാ വഴികളിലൂടെയും ജനങ്ങളെ ദുരന്തത്തില്‍നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് പിന്തുണക്കും. കൊറോണ വൈറസ് ബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൊറോണ വൈറസ് മഹാമാരി പടര്‍ന്നുപിടിച്ചതു മുതല്‍ യു.പി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ന് ഇത്തരമൊരു അവസ്ഥ കാണേണ്ടിവരില്ലായിരുന്നു. തുടക്കം മുതല്‍ മികച്ച ആരോഗ്യസംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറക്കാന്‍ കഴിയുമായിരുന്നു. കോവിഡിനെ നേരിടാന്‍ സര്‍ക്കാരിന് കൃത്യമായ പദ്ധതികളില്ലെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
യു.പിയില്‍ 20,000ത്തില്‍ അധികം പേര്‍ക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം 20,510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.