പത്തനംതിട്ട : പി എസ് സി റാങ്ക് ലിസ്റ്റിൽ എഴുപത്തിയേഴാം റാങ്ക് നേടിയെങ്കിലും റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ തിരുവനന്തപുരം കാരക്കോണത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാടെങ്ങും വിവിധ യുവജന സംഘടനകൾ കനത്ത പ്രതിഷേധം തുടരുകയാണ്. പത്തനംതിട്ട ജില്ലയിലും അനുവിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പി എസ് സി ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.
എസ് പി ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പി എസ് സി ഓഫീസ് പടിക്കൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളും നടന്നു. തുടർന്ന് പി എസ് സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു.
ധർണ്ണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പട്ടിണിസമരം നടത്തമെന്ന് എം ജി കണ്ണൻ വ്യക്തമാക്കി. ജില്ലയിൽ നിന്നുള്ള പി എസ് സി അംഗമായ റോഷൻ റോയി മാത്യുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുമെന്നും എം.ജി കണ്ണൻ പറഞ്ഞു.
ധർണ്ണയ്ക്ക് പി ഹസ്സൻ, അഫ്സൽ വി ഷേക്ക്, അഖിൽ അഴൂർ, അൻസർ മുഹമ്മദ്, വിഷ്ണു, ഷിജു തോട്ടപ്പുഴശ്ശേരി എന്നിവർ നേതൃത്വം നൽകി.