തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന് സമഗ്ര പദ്ധതി ആവഷ്‌കരിക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിക്ക് നല്‍കിയ നിവേദനത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പരിസ്ഥിതി സമിതി ചെയര്‍പേഴ്‌സണ്‍ സജീവ് ജോസഫ് എം.എല്‍.എ ക്ക് നിവേദനം നല്കി. ആഫ്രിക്കന്‍ പായലും വാഴപ്പോളയും കബോംബ പോലെയുളള അധിനിവേശ സസ്യങ്ങളും കയറി അപ്പര്‍ കുട്ടനാട്ടിലെ തോടുകളും ജലാശയങ്ങളും അടഞ്ഞിരിക്കുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ കീടനാശിനിയും വളവും പ്രയോഗിക്കുന്നതുമൂലം വിവിധ രോഗങ്ങള്‍ വ്യാപകമായിരിക്കുകയാണ്.
കളനാശിനിയും കീടനാശിനിയും നിരുത്സാഹപ്പെടുത്തി ജൈവകൃഷിക്ക് പ്രാധാന്യം നല്‍കണം. ജലം, മണ്ണ്, വായു എന്നിവയിലെ കീടനാശിനി – രാസവള സാന്നിധ്യം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തണം. ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പാക്കുകയും പരിസ്ഥതിയെ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. തോടുകള്‍ക്ക് നമ്പരിട്ട് അടയാളപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കണമെന്നും ജല സാക്ഷരത വര്‍ധിപ്പിച്ച് ജലാശയ മലിനീകരണം തടയണമെന്നും നിവേദത്തില്‍ പറയുന്നു. സമിതി അംഗങ്ങളായ വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ., വി.കെ.ഫൈസല്‍ ബാബു എം.എല്‍.എ., റ്റി.എം.ശശി എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്‍റ്മാരായ ലിജി ആര്‍.പണിക്കര്‍, ജോളി ഈപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഫനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.































