തിരുവനന്തപുരം : ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പറടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരെയാണ് ഏൽപ്പിക്കുക. സംഭവം വളരെ ഗൗരവമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയ്‌ക്ക് പരാതി നൽകി.ചൊവ്വാഴ്ച നടന്ന പ്ലസ്ടു ഇംഗ്ലിഷ് പരീക്ഷയുടെ ചോദ്യമാണ് കോഴിക്കോട് വടകര മേഖലയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴി മുൻകൂട്ടി ലഭിച്ചത്.
രാവിലെ 9.30ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ ഏഴര മുതൽ വിദ്യാർത്ഥികളുടെ വാട്സ്ആപ്പിൽ എത്തി.അച്ചടിച്ച ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തിയാണ് പ്രചരിപ്പിച്ചത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ഒരാഴ്ച മുൻപ് സീൽ ചെയ്ത കവറിൽ എത്തിച്ച ചോദ്യപ്പേപ്പർ സ്‌കൂളുകളുടെ ലോക്കറുകളിലാണ് സൂക്ഷിച്ചിരുന്നത്.പരീക്ഷാ ഹാളിൽ കുട്ടികളുടെ സാന്നിദ്ധ്യത്തിലാണ് ഇത് പൊട്ടിക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്.