ഓച്ചിറ : ക്വാറന്റീൻ ലംഘിച്ച് ബൈക്കിൽ ചുറ്റിയ രണ്ടു സൈനികരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്ന ശൂരനാട് പാട്ടുപുരയ്ക്കൽ സജീവ് , സുഹൃത്ത് കിടങ്ങയൽ വിഷ്ണു ഭവനിൽ വിഷ്ണു മോഹൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കിയത്. ഉത്തർപ്രദേശിൽ നിന്നു അഞ്ചു ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയതാണ് ഇവര്‍.
കഴിഞ്ഞ ദിവസം രാത്രി ഇവര്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുകയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇരുവരും ബൈക്കിൽ കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സജീവിനെ ഓച്ചിറ പോലീസും വിഷ്ണു മോഹനനെ ശൂരനാട് പോലീസും കസ്റ്റഡിയിലെടുത്തു. ക്വാറന്റീൻ ലംഘിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.