ബംഗളൂരു: ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കര്‍ണാടക റവന്യൂ മന്ത്രി ആര്. അശോക പറഞ്ഞു. ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഗണേശ പൂജക്ക് അനുമതി നിഷേധിച്ച സുപ്രീംകോടതി വിധി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതി നിര്‍ദേശം.
‘സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുന്നു. എന്നാല്‍, ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശത്തിനായി റവന്യൂ വകുപ്പ് നിയമപോരാട്ടം നടത്തും. ചാമരാജ്പേട്ടിലെയും ബംഗളൂരുവിലെയും ജനങ്ങള്‍ ഗണേശ ചതുര്‍ഥി ഈദ്ഗാഹ് മൈതാനത്ത് ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നു- മന്ത്രി പറഞ്ഞു. കോടതി വിധിയെ മാനിക്കുമെന്നും മൈതാനത്തിനായി പോരാട്ടം നടത്തുമെന്നും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ട വേദികെ പ്രതികരിച്ചു. ഗണേശോത്സവത്തിന് ഈദ്ഗാഹ് മൈതാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ രംഗത്തുവന്ന കൂട്ടായ്മയാണ് ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ട വേദികെ.
ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ഹൈകോടതി ഇടക്കാല ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അന്തിമ വിധിയില്‍ ഗണേശപൂജ നടത്താന്‍ കര്‍ണാടക സര്‍ക്കാറിന് അനുമതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് ചാമരാജ് പേട്ട് നാഗരിക ഒക്കൂട്ട സമിതിക്ക് രണ്ടുദിവസം ഗണേശപൂജക്ക് ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതു ചോദ്യംചെയ്ത് സെന്‍ട്രല്‍ മുസ്ലിം അസോസിയേഷന് ഓഫ് കര്‍ണാടകയും കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് അനുകൂല വിധിയുണ്ടായത്. കേസില്‍ കുറച്ചുനാളേക്ക് തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ച ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഈദ്ഗാഹ് മൈതാനത്തിനു പകരം ഗണേശ ചതുര്‍ഥി പൂജ മറ്റെവിടെയെങ്കിലും നടത്താനും നിര്‍ദേശിച്ചു. വിനായക ചതുര്‍ഥി ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചാമരാജ്പേട്ടില്‍ വന്‍ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.





























