ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കോണ്‍ഗ്രസ് നേതാവ് മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡല്ല, നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതീകമായിരുന്ന എല്ലാ വ്യവസ്ഥകളെയും മോദി തകര്‍ത്തു. ഒരു വര്‍ഷം ലഭിച്ചാല്‍ നമ്മളതിനെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശില്‍ കോവിഡില്ലേ?. അതാണ് പറയുന്നത്. ഇന്ത്യയെ തകര്‍ത്തത് നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്. കള്ളപ്പണം പിടിക്കുമെന്നത് മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത് സുഹൃത്തുക്കളായ ഏതാനും സമ്പന്നര്‍ക്ക് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു”