ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനം ആളുകളും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം എൻ്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെ തന്നെ വളരെ രുചികരമാണെന്നും രാഹുൽ സോഷ്യൽമീഡിയയിൽ കുറിച്ചു. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ ഇന്ത്യയുടെ പരമ്പരാഗത രുചികളും പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങളും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. മാംസാഹാരം മെനുവിൽ നിന്ന് പൂർണമായി ഒഴിവാക്കി.
ഗുജറാത്തി വിഭവമായ ഖാണ്ട്വി, പനീർ ലബബ്ദാർ, മില്ലറ്റ് പുലാവ്, ജിലേബി എന്നിവയടക്കമുള്ള ഇന്ത്യൻ വിഭവങ്ങൾ ആയിരുന്നു വിരുന്നിൽ. അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിങ് വിട്ടുനിന്നത്. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട് ചെയ്തു. എന്നാൽ കാരണം വ്യക്തമല്ല.































