റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ധൻബാദ് ജില്ലയിലെ കത്രാസിലെ രാംകനാലി ഒപി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേശൽപൂർ കുംഹാർപട്ടിയിൽ രാവിലെ 7 മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. കൽക്കരി ശേഖരിക്കുന്നതിനായി സംഘമാണ് അപകടത്തിൽ പെട്ടത്. തുരങ്കത്തിനുള്ളിലേക്ക് കടന്ന സമയത്ത് മുകൾഭാഗം ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.”ചില പുരുഷന്മാരും സ്ത്രീകളും കൽക്കരി വെട്ടാനും ശേഖരിക്കാനുമായി അനധികൃത തുരങ്കത്തിലേക്ക് പോയിരുന്നു.
തുരങ്കത്തിന്റെ മുകൾഭാഗം പെട്ടെന്ന് തകർന്ന് നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടു. അപകടത്തെത്തുടർന്ന് സമീപത്തെ ഗ്രാമവാസികൾ സ്ഥലത്തേക്ക് ഓടിയെത്തുകയും മൺവെട്ടി, പിക്കാസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തുടങ്ങുകയും ചെയ്തു. മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്” നാഷണൽ കൊളിയറി മസ്ദൂർ യൂണിയൻ റീജിയണൽ പ്രസിഡന്‍റ് വിമലേഷ് ചൗബെ പറഞ്ഞു. പ്രദേശത്തെ തുരങ്കങ്ങൾ വഴി അനധികൃത കൽക്കരി ഖനനം നടന്നു വരികയായിരുന്നു.
ഇവിടെയുള്ള അനധികൃത ഖനികളിൽ നിന്ന് ശേഖരിക്കുന്ന കൽക്കരി മോട്ടോർസൈക്കിളുകളിൽ കയറ്റി സമീപത്തെ വിപണികളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. അപകടസമയത്തും സമാനമായ രീതിയിൽ കൽക്കരി വെട്ടി ശേഖരിക്കാനാണ് ആളുകൾ തുരങ്കത്തിനുള്ളിൽ പ്രവേശിച്ചത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഖനി തകർച്ചയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
































