ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് കണക്കുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി എം.പി. കോവിഡ് മരണക്കണക്കില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണ്. ഡബ്ല്യു.എച്ച്.ഒ കണക്കില്‍ 47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കില്‍ 4.8 ലക്ഷം പേര്‍ മാത്രമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡ് മരണം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ പത്തിരട്ടി അധികമാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കുറഞ്ഞത് 47 ലക്ഷം പേര്‍ ഇന്ത്യയില്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മരണസംഖ്യ 5.24 ലക്ഷം മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.
ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ നല്ലൊരുഭാഗവും കണക്കില്‍പെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ തള്ളിയ കേന്ദ്ര സര്‍ക്കാര്‍, അവര്‍ ഉപയോഗിച്ച കണക്കുകൂട്ടല്‍ മാതൃകകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് ആരോപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലോകമെങ്ങും ഒന്നരകോടി മനുഷ്യര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 60 ലക്ഷം മാത്രമാണ് മരണം. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.