ആലപ്പുഴ : ഏഴാം വയസില്‍ ആലപ്പുഴയിലെ ആശ്രമം വാര്‍ഡില്‍ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുള്ള കുട്ടിയെ മുംബൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്. വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ശിവാജി പാര്‍ക്കില്‍ വച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തി, പിതാവിനെ തേടിയാണ് മുംബെയില്‍ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തില്‍ പറയുന്നു. രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓര്‍ത്തതെന്നും വസുന്ധര കത്തില്‍ പറഞ്ഞു. കാണാതായ രാഹുലിന്റെ അമ്മ കത്തും ഫോട്ടോയും ആലപ്പുഴ എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
രാഹുലിന്റെ പിതാവ് എ.ആര്‍ രാജു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായത്. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വിവരം പങ്കുവച്ചത്. അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് പറയാന്‍ കഴിയൂ എന്നും ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.