തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 1465 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 വീടുകൾ പൂർണമായി തകരുകയും 127 വീടുകൾ ഭാഗികമായും തകരുകയും ചെയ്തു. 6 മരണവും 6 പേരെ കാണാതായതായും ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ തങ്ങി ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി എ പി അനിൽകുമാറിനാണ്. പ്രതീക്ഷിച്ചതിലും അധികം മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തീരദേശ ന്യൂനമർദപ്പാത്തിയുടെ സ്വാധീനം മൂലമാണ് മഴ കനക്കുന്നത്. ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും, വണ്ടൂരിൽ രണ്ടരവയസുകാരനും ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമായി.
കോട്ടയം പാലാ ഈരാറ്റുപേട്ട ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ പത്തനംതിട്ട റാന്നി ആറന്മുള എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളേയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് ദേവസ്വം ബോർഡ് നിർദേശം. സംസ്ഥാനത്തെ മിക്ക ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പമ്പ, അച്ചൻകോവിലാർ, കല്ലാർ, മണിമലയാർനദികൾ കരകവിഞ്ഞൊഴുകുന്നു. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം ഉണ്ട്.




























