പത്തനംതിട്ട : ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വെള്ളം കയറിയ കുടുംബങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഈ തുക അടിയന്തിരമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ കുടുംബങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ അഞ്ച് മുതല്‍ തുക വിതരണം ചെയ്യും. ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ധസഹായം പരമാവധി വേഗത്തിലും സുതാര്യമായും വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ നയം. കാലവര്‍ഷക്കെടുതി നേരിടാന്‍ സ്ഥിരം സംവിധാനം ജില്ലയില്‍ ഒരുക്കും. സാങ്കേതിക വശങ്ങള്‍ പഠിച്ച് മഴക്കെടുതിയുടെ ആഘാതം കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം പരാതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പകുതിയോളം പരാതികള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ബാക്കി പരാതികള്‍ കാലതാമസമില്ലാതെ പരിഹരിക്കും. പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീര്‍പ്പാക്കും. സാങ്കേതികവശം പരിശോധിച്ച് മുടങ്ങി കിടക്കുന്നവ പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്യും.
ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം, ഭൂമി പതിച്ചുനല്‍കല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍, ഭൂമി തരംമാറ്റം, നികുതി പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതിപരിഹാര പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച്.ദിനേശന്‍, ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, സര്‍വേ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ ജെ.ഒ.അരുണ്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
































