കോഴിക്കോട് : ആര്‍എസ്എസ് നേതാവ് റാം മാധവും എഡിജിപി എംആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശൻ തുറന്നടിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് താൻ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്‍റെ ഭാഗമാണ്.
കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ല. കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്‍റെ ആരോപണം ശരിയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞത്. തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുത് എന്നായിരുന്നു ബിജെപിയോടുള്ള സിപിഎമ്മിന്‍റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല. എഡിജിപിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നം സതീശൻ പറഞ്ഞു. വിലക്കയറ്റമാണ് ഈ വര്‍ഷത്തെ സര്‍ക്കാരിന്‍റെ ഓണസമ്മാനം. സ്വീകരണ ചടങ്ങ് മാറ്റിവെച്ചുകൊണ്ട് ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും സതീശൻ പറഞ്ഞു.