തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മതധ്രുവീകരണത്തിനു സിപിഎം ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാൻ ആഞ്ഞു പരിശ്രമിക്കുന്ന സിപിഎം അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നത്. മതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത വർധിപ്പിച്ച് സംഘർഷമുണ്ടാക്കി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന ചിന്ത അപകടകരമാണ്. മുസ്‌ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഎം നടത്തുന്നത്. കേരളത്തിന്റെ മതസൗഹാർദം നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗിനു വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള ഹീന ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിൽപരം വാർഡുകളിൽ സിപിഎം– ബിജെപി– എസ്ഡിപിഐ കൂട്ടുകെട്ടുണ്ടായിരുന്നു. നാല് വോട്ടിനു വേണ്ടി എന്തു വർഗീയ കാർഡും കളിക്കാൻ സിപിഎമ്മിനു മടിയില്ല. മതങ്ങളെ തമ്മിലടിപ്പിക്കുന്ന നീക്കത്തിൽനിന്ന് സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടമുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രശ്നങ്ങൾ പൂർണമായി ചർച്ചയായില്ല. റിബലുകളുടെ ശല്യം യുഡിഎഫിനുണ്ടായി.
സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പൂർണമായി ചർച്ചയാക്കാൻ കഴിഞ്ഞില്ല. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചർച്ചയായത്. പോരായ്മകൾ പരിഹരിക്കാൻ യുഡിഎഫ് കൂട്ടായി പ്രവർത്തിക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾ നിലനിൽക്കുകയാണെന്നും നൂറുദിന പരിപാടി തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി ഏതു പദവിയിൽ വന്നാലും സ്വാഗതാർഹമാണ്. പാർട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.