തിരുവനന്തപുരം : കേരളത്തിന്‍റെ തീരം അമേരിക്കൻ കമ്പനിക്കും മലയാളികളുടെ വിവരങ്ങൾ സ്പ്രിഗ്ലറിനും വിൽക്കാൻ ശ്രമിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുശ്ശേരിയിലെ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതാണ് പണിറായി വിജയൻ ആരോപണത്തിനായി എടുത്തുപറയുന്നത്. എന്നാൽ ബംഗാളിലെ കാര്യം എന്തുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ബംഗാളിൽ സി.പി.എം നേതാക്കളും പ്രവർത്തകരും കുട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് തിരക്ക് മൂലമായിരിക്കും മുഖ്യമന്ത്രി കാണാതിരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. രണ്ട് സീറ്റിൽ നിന്ന് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ വളർത്തിയത് സി.പി.എമ്മാണെന്നും രാജീവ് ഗാന്ധിക്കെതിരെ വാജ് പേയിയുമായും അദ്വാനിയുമായും കൂട്ടുചേർന്ന് പ്രവർത്തിച്ചവരാണ് സി.പി.എമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ് .എസിന്‍റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച മുഖ്യമന്ത്രി ഇപ്പോൾ പറയുന്ന വാഴ്ത്താരി തമാശയായി കണ്ടാൽ മതി. ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ് പിണറായി. കേന്ദ്ര ഏജൻസികൾ കിഫ് ബിക്കെതിരെ നടത്തുന്ന നീക്കങ്ങൾ ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. കേരളത്തിന്‍റെ വികസനം അട്ടിമറിക്കുന്നുവെന്ന് പുരപ്പുറത്ത് കയറി വിളിച്ചു പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നൽകുകയാണ് ലക്ഷ്യം. ഭരണഘടനാ ലംഘനം പിണറായി സർക്കാറിന് പതിവുള്ളത്. അതു നമ്മൾ നേരത്തെ കണ്ടതാണ്. എന്നാൽ അന്നൊന്നും കേന്ദ്രം ഒരു നടപടിയും എടുത്തിട്ടില്ല. എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ്. ഐസകിന്‍റെയും പിണറായിയുടെയും വെല്ലുവിളി തമാശയായി കണ്ടാൽ മതിയെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.