തിരുവനന്തപുരം : ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണപത്രം ഇന്നലെ രാത്രി തനിക്ക് സര്‍ക്കാര്‍ കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്റ കര്‍മ്മസമിതിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കരാറിന്റെ ധാരണാപത്രം കൈമാറിയത്. എന്നാല്‍ അത് പരസ്യപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ധാരണപത്രം വെബ്‌സൈറ്റില്‍ ഇടണമെന്നത് സുതാര്യതയുള്ള സര്‍ക്കാരിന്റെ കടമയാണ്. വിവരാവകാശ നിയമപ്രകാരം നോട്ടീസ് നല്‍കിയാല്‍ മന്ത്രിസഭാ തീരുമാനം വരെ ലഭിക്കുന്ന കാലമാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ കമ്മീഷന്‍ കൈപ്പറ്റിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. സ്വപ്‌ന സുരേഷിനെയും മറ്റ് പ്രതികളെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഉത്സാഹം.
ലോകത്തുള്ള സര്‍വരുടെയും മാനസികാവസ്ഥ തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അഴിമതിയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്ന് മുഖ്യമന്ത്രി പറയുന്നു. അഴിമതിയെ കുറിച്ച് ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക മാനസികാവസ്ഥയാണെന്ന് പറയുന്നു. സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വി.എസ് അച്യുതാനന്ദന്റെ മാനസികാവസ്ഥ ശരിയല്ലെന്ന് പറഞ്ഞു. താനൊഴികെ എല്ലാവരുടെയും മാനസിക അവസ്ഥ തെറ്റിയെന്ന് ഒരാള്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്താണെന്ന് പരിശോധിക്കണം. ഒന്നാം ലോകകേരള സഭയില്‍ പറഞ്ഞ ഒരു കാര്യവും നടപ്പക്കിയിട്ടില്ല എന്നതിന്റെ പേരിലാണ് അതില്‍ നിന്നും രാജിവച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.