കൊച്ചി: കേരളാ കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ പിജെ ജോസഫിന് വീണ്ടും തിരിച്ചടി. ജോസ് കെ മാണി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് – എം എന്ന പാര്‍ട്ടി പേരും രണ്ടില ചിഹ്നവും അനുവദിച്ച ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം റദ്ദാക്കണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ഹര്‍ജി തള്ളിയതിനെതിരെ ഇന്ന് സമര്‍പ്പിച്ച അപ്പീലില്‍ സ്റ്റേ അനുവദിക്കണമെന്ന ജോസഫിന്‍റെ ആവശ്യം കോടതി തള്ളി.
കേസ് ഡിസംബര്‍ 9-നു പരിഗണിക്കാന്‍ മാറ്റിയ കോടതി കേസില്‍ വീണ്ടും സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഇതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നുറപ്പായി.
മാത്രമല്ല, പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എം എന്ന പേരുപയോഗിക്കുന്നതിന് പുതിയ തീരുമാനം പ്രതികൂലമാകും. ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് – എം എന്ന പേരുപയോഗിക്കുന്നതിനെതിരെ ജോസ് പക്ഷം പരാതി നല്‍കിയാല്‍ അത് ജോസഫ് പക്ഷത്തിന് കുരുക്കാകും.