റാന്നി: കെഎസ്ആർടിസി ബസ് ഓപ്പറേറ്റിംഗ് സെന്ററിനു വേണ്ടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ പണിതീർത്ത കെട്ടിടം ഉദ്ഘാടനം ചെയ്യാൻ കഴിയാതെ അധികൃതർ. കെട്ടിടം നിർമിച്ച് വർഷം മൂന്നായിട്ടും ഉദ്ഘാടനം ചെയ്യനാകാത്തത് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതു മൂലമെന്ന് അധികൃതരുടെ വിശദീകരണം. ഇതിനായി നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം പറയുമ്പോഴും എന്നത്തേക്ക് കെട്ടിടത്തിന്റ ഉദ്ഘാടനം നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പഞ്ചായത്ത് വ്യാപാരസ്ഥാപനങ്ങൾക്കായി പണിത കെട്ടിടത്തിലെ ഒറ്റമുറിയിൽ അപര്യാപ്തതകളുടെ നടുവിലാണ് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻറർ പ്രവർത്തിച്ചു വരുന്നത്. ഇതിലെ പോരായ്മകൾ കൂടി പരിഹരിക്കാനാണ് കെഎസ്ആർടിസിയിൽ തീർഥാടക വിശ്രമകേന്ദ്രം എന്ന പേരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതത്. നിർമാണം പുർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഓപ്പറേറ്റിംഗ് സെന്ററായോ തീർത്ഥാടക വിശ്രമകേന്ദ്രമായോ പ്രയോജനപ്പെടുത്താനായിട്ടില്ല.
2018ലെ മഹാപ്രളയത്തിൽ കെട്ടിടത്തിനുള്ളിൽ ചെളിയും ബസ് സ്റ്റേഷനിലെ കരിഓയിലും നിറഞ്ഞ് കെട്ടിടത്തിന്റെ മുറികളും മറ്റും വൃത്തിഹീനമായിരുന്നു. പിന്നീട് ചെളിയും കരിഓയിലും കഴുകിക്കളഞ്ഞ് പെയിൻറു ചെയ്യുകയും വയറിംഗ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ശബരിമല സീസണ് കാലത്ത് എരുമേലി വഴി ശബരിമലയിലേക്ക് പോകാൻ ധാരാളം അയ്യപ്പഭക്തർ റാന്നിയിൽ എത്തിച്ചേരാറുണ്ട്. നിർമാണം പൂർത്തീകരിച്ച കെട്ടിടം പ്രവർത്തനസജ്ജമായാൽ കഐസ്ആർടിസിക്കും തീർഥാടകർക്കും ഒരേപോലെ പ്രയോജനപ്പെടും.