റാന്നി: മുക്കട – ഇടമണ്‍ – അത്തിക്കയം എംഎല്‍എ റോഡ് നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാര്‍. ശബരിമല തീർഥാടന പാതയില്‍പ്പെട്ട റോഡ് മുക്കട മുതല്‍ വാഴക്കാല വരെയാണ് ഉന്നത നിലവാരത്തിലാക്കുന്നത്. ഇതിന്റെ നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
പാറേക്കടവ് മുതല്‍ തോമ്പിക്കണ്ടം വരെയുള്ള ബിഎം ടാറിംഗിനെ സംബന്ധിച്ചാണ് വ്യാപക പരാതിയുള്ളത്. രണ്ടു ദിവസം മുമ്പ് ചെയ്ത ടാറിംഗ് പലയിടത്തും ഇളകി മെറ്റല്‍ റോഡില്‍ നിരന്നു തുടങ്ങി. വശങ്ങളില് എസ്റ്റിമേറ്റ് പ്രകാരമുള്ള ഘനവുമില്ല. അഞ്ച് വര്‍ഷത്തെ ഗാരണ്ടിയോടാണ് റോഡ് നിര്‍മിക്കുന്നത്. എന്നാൽ റോഡ് ഇത്തരത്തിലാണ് പണി പൂർത്തികരിക്കുന്നതെങ്കിൽ ഒരു വര്‍ഷം കഴിയുന്നതിനു മുമ്പു തന്നെ പൂര്‍ണ്ണമായി തകരുമെന്ന് നാട്ടുകാര്‍ പറയുന്നു.
ടാറിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ രണ്ടു ദിവസമായി ടാറിംഗ് നടക്കുന്നില്ല. ടാറിംഗ് പൂര്‍ത്തിയായ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലെന്നും കരാറുകാരന് തന്റെ തന്നിഷ്ടപ്രകാരമാണ് പണികള്‍ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.