ദില്ലി : ചെങ്കോട്ട ആക്രമണത്തിന് കാരണമായ റിപ്പബ്ലിക് ദിന കലാപവുമായി ബന്ധപ്പെട്ട് രണ്ട് കലാപകാരികളെ കൂടി ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുകെയിലെ ബര്‍മിംഗ്ഹാമില്‍ സ്ഥിരതാമസമാക്കിയ ഡച്ച് പൗരനായ മനീന്ദര്‍ജിത് സിംഗ്, കൂടാതെ ഖെംപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മനീന്ദര്‍ജിത് സിംഗ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ വ്യാജ രേഖകളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലാകുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ചെങ്കോട്ടയ്ക്കുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ കുന്തമുപയോഗിച്ച് ആക്രമിച്ചയാളാണ് അറസ്റ്റിലായ ഖെംപ്രീത് സിംഗ്. 2021 ജനുവരി 26 ന് ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ‘കര്‍ഷകര്‍’ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ‘ട്രാക്ടര്‍ റാലി’ എന്ന പ്രക്ഷോഭ മറവില്‍ ദേശീയ തലസ്ഥാനത്ത് ബാരിക്കേഡുകള്‍ തകര്‍ക്കുകയും കലാപം നടത്തുകയും ചെയ്തു.
കലാപകാരികള്‍ മനപൂര്‍വ്വം ദില്ലി പോലീസ് ഉദ്യോഗസ്ഥരെ മറികടക്കാന്‍ ശ്രമിക്കുകയും വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ക്രമേണ കലാപകാരികള്‍ ചെങ്കോട്ട ഏറ്റെടുക്കുകയും ഖാലിസ്ഥാന്‍ ചിഹ്നമുള്ള ഒന്നിലധികം പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു.