തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ രാജി. മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തട്ടിപ്പില്‍ പാര്‍ട്ടിതലത്തില്‍ നേരത്തേ കൃത്യമായി നടപടി എടുത്തില്ലെന്നു പറഞ്ഞ് ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു.
പാര്‍ട്ടി തലത്തിലുള്ള നടപടി താഴെത്തട്ടില്‍ മാത്രമാണെന്നും തട്ടിപ്പ് നടന്നത് നേതാക്കളുടെ അറിവോടെയാണെന്നും ആരോപണം ശക്തമായതിനിടയിലാണ് പ്രാദേശിക തലത്തില്‍ രാജി. വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന. ഇതിനകം പത്തിലധികം പേര്‍ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായി പറയുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തി. അറസ്റ്റിലായ മൂന്നുപേരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതിനായി ഇ.ഡി കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. ബിനാമി ഇടപാടുകള്‍, വിദേശപണം കടത്ത് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.