കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറി. 2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രം ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. അതേസമയം, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാല്‍ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു. 2024 നവംബര്‍ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു.