പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും മറുപടി നൽകാത്ത വിവരാവകാശ ഉദ്യോഗസ്ഥനും അപ്പീൽ അധികാരി കൂടിയായ ആരോഗ്യവകുപ്പ് ഡയറക്ടർക്കും വിവരാവകാശ കമ്മീഷന്റെ താക്കീത്. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ അപ്പീൽ തീർപ്പാക്കി 30 ദിവസത്തിനകം നൽകണമെന്നും നൽകിയില്ലെങ്കിൽ ആയത് വിവരാവകാശ നിയമം 19 (6) വകുപ്പിന്റെ ലംഘനമാണെന്നും അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ സഹിതം 30 ദിവസത്തിനകം അപ്പിൽ തീർപ്പാക്കി നൽകണമെന്നും യഥാവിധി അപ്പീൽ തീർപ്പാക്കി ഇല്ലെങ്കിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന കർശന നടപടികൾ ആരോഗ്യ വകുപ്പ് ഡയറക്ടറും വിവരാവകാശ ഉദ്യോഗസ്ഥനും നേരിടേണ്ടിവരുമെന്നും വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ നിയമനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് 29.3.2025 ൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ നൽകിയിട്ടും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപ്പീൽ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷകനായ റഷീദ് ആനപ്പാറ സംസ്ഥാന വിവരാവകാശ കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് നടപടി. അപ്പീൽ ഹർജിയും അനുബന്ധരേഖകളും കമ്മീഷൻ വിശദമായി പരിശോധിച്ചു. വിവരാവകാശപ്രകാരമുള്ള ഒന്നാം അപ്പീൽ, അപ്പീൽ അധികാരി തീർപ്പ് കൽപ്പിക്കാതിരുന്നതിനാൽ അപ്പീൽ ഹർജിക്കാരന് കമ്മീഷൻ മുമ്പാകെ രണ്ടാം അപ്പീൽ ഹർജി സമർപ്പിക്കേണ്ട സാഹചര്യം ഉണ്ടായത് എന്ന് കമ്മീഷന് ബോധ്യപ്പെട്ടു. വിവരാവകാശ നിയമം വകുപ്പ് 19(1) പ്രകാരം ലഭിക്കുന്ന അപേക്ഷകൾ അപ്പീൽ അധികാരി യഥാസമയം തീർപ്പ് കൽപ്പിക്കാതിരിക്കുന്നത് വിവരാവകാശ നിയമം വകുപ്പ് 19(6) ന്റെ ലംഘനമാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലുകൾ അധികാരസ്ഥാനം ലഭിച്ചാൽ അത് അർഹിക്കുന്ന ഗൗരവത്തോടെ യഥാസമയം തീർപ്പാക്കാതിരിക്കുന്ന പ്രവണതകളുടെ രേഖകളും യഥാസമയം ഹർജിക്കാർക്ക് തടസ്സപ്പെടുത്തുന്നതിന് തുല്യമാണ് എന്ന് കമ്മീഷൻ കാണുന്നു.
അധികാര നിർവ്വഹണത്തിൽ സുതാര്യത ഉറപ്പാക്കികൊണ്ട് കാലതാമസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കി കാര്യക്ഷമവും സംശുദ്ധവുമായ ഭരണക്രമം വിഭാവനം ചെയ്യുന്ന വിവരാവകാശ നിയമം യഥാവിധി നടപ്പിലാക്കാത്തത് നിയമലംഘനവും വീഴ്ചയുമാണ്. കമ്മീഷൻ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു. വളരെ ലാഘവത്തോടുകൂടിയാണ് അപ്പീൽ അധികാരി വിവരാവകാശ നിയമത്തെ കാണുന്നത് എന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾ യഥാസമയം വിവരങ്ങളും രേഖകളും നൽകി തീർപ്പുകൽപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അപ്പീൽ അധികാരി നേതൃത്വം നൽകി കർത്തവ്യവും ആയതിനു യഥാസമയം വ്യക്തവും കൃത്യവുമായ മറുപടി ലഭിക്കേണ്ടത് പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശമാണെന്നും വിവരാവകാശ കമ്മീഷണർ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി.




























