ആറന്മുള : പകല്‍ താപനില ഉയരുന്നത് ക്ഷേത്ര ചടങ്ങുകളെയും ബാധിക്കുന്നു. താപനിലയിലെ വര്‍ദ്ധനവ് കാരണം ക്ഷേത്രത്തിന് പുറത്തു നടത്തേണ്ട പല ചടങ്ങുകളും കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ക്ഷേത്രങ്ങളില്‍ മിക്കയിടത്തും ഉത്സവകാലം കൂടിയാണ്. ആനകളെ ഉപയോഗിച്ച് നടത്തുന്ന എഴുന്നെള്ളത്തടക്കമുള്ളവയ്‌ക്ക് സമയ ക്രമീകരണം ഇക്കുറിയും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ആചാരപരമായ ചടങ്ങുകള്‍ പുനഃക്രമീകരിക്കുന്നതിന് നിരവധി ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
തന്ത്രിയുടെ അനുമതിയും തുടര്‍ന്ന് ദേവ അനുജ്‌ഞയും ഇതിന് ആവശ്യമാണ്. ഉച്ച ശീവേലിയാണ് മാറ്റി വയ്‌ക്കേണ്ട അനുഷ്‌ഠാന ചടങ്ങുകളില്‍ പ്രധാനം. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയാണ് പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉച്ച ശീവേലി. മഹാക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് ചുറ്റും കുറഞ്ഞത് മൂന്ന് പ്രദക്ഷിണം എങ്കിലും വെയ്‌ക്കേണ്ടി വരും.
ചുട്ടുപൊള്ളുന്ന മുറ്റത്തു കൂടി കനത്ത ചൂടില്‍ 200 മുതല്‍ 500 മീറ്റര്‍ ദൂരം വരെ പാദരക്ഷയും കുടയും ഇല്ലാതെ ശാന്തിമാരും മേളക്കാരും കഴകക്കാരും നടക്കേണ്ടി വരുന്നു. ശീവേലി ചടങ്ങുകള്‍ കൃത്യമായി പാലിക്കേണ്ടതു കൊണ്ട് നടപ്പിന് വേഗത കൂട്ടാനോ ഹവിസ് തൂവുന്നതടക്കം ഒന്നിനും മാറ്റം വരുത്താനോ കഴിയുന്നില്ല. ശീവേലി വിഗ്രഹം എടുക്കുന്നവര്‍ അടക്കമുള്ളവര്‍ക്ക് ഇത് പ്രതികൂലമായി ബാധിക്കുന്ന അവസ്‌ഥയാണ്. മണല്‍ നിറച്ചതോ കരിങ്കല്‍ പാകിയതോ ആയ തിരുമുറ്റങ്ങളാണ് മിക്കയിടത്തുമുള്ളത്. ശീവേലി പാതക്ക് മേല്‍ക്കൂര മിക്കയിടത്തും നിര്‍മ്മിച്ചിട്ടില്ല. ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ടും കനത്ത സാമ്പത്തിക ബാധ്യതയുമാണ്. ഇക്കാര്യങ്ങളാല്‍ തന്നെ കനത്ത ചൂടിലും ചടങ്ങുകള്‍ കൃത്യമായി പാലിക്കുകയാണ് ക്ഷേത്ര ജീവനക്കാരും ശാന്തിമാരും.