പത്തനംതിട്ട : ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തിന്റെ (ആര്‍സെറ്റി) ഉപദേശക സമിതിയോഗം എ.ഡി.എം അലക്സ് പി. തോമസിന്റെ നേതൃത്വത്തില്‍ നടന്നു. എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്നയോഗത്തില്‍ എസ്.ബി.ഐ ചീഫ് മാനേജരും ജില്ലാ സ്വയം തൊഴില്‍ പരിശീലന പരിപാടി കോഴ്സ് ഡയറക്ടറുമായ വി.ബി സുനില്‍രാജ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍ ഖദീജാ ബീവി, ദാരിദ്ര നിര്‍മ്മാര്‍ജന യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി, കുടുംബശ്രീ അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷന്‍ കോ ഓഡിനേറ്റര്‍ എ.മണികണ്ഠന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
2020-21 ലെ വാര്‍ഷിക കര്‍മ്മപദ്ധതി വിവരണം, പോയ വര്‍ഷത്തെ പദ്ധതി അവലോകനം എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്തു. കഴിഞ്ഞവര്‍ഷം 21 ബാച്ചുകളിലായി 650 പേര്‍ക്കാണു ജില്ലയില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലൂടെ പരിശീലനം ലഭിച്ചത്. ഇതില്‍ 514 സ്ത്രീകളുണ്ട്. 449 പേരാണ് പരിശീലനത്തിലൂടെ സ്വയം സംരഭം ആരംഭിച്ചത്. സൗജന്യമായി തൊഴില്‍പരിശീലനം നല്‍കുന്ന ലീഡ് ഡിസ്ട്രിക്ട് ബാങ്കുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രങ്ങളാണ് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം. കേന്ദ്രഗവണ്‍മെന്റ്, കേരള ഗവണ്‍മെന്റ്, നബാര്‍ഡ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലെ ജില്ലയിലെ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം കോളേജ് റോഡിലെ കിടാരത്തില്‍ ക്രിസ് ടവേഴ്സിലാണ് പ്രവര്‍ത്തിക്കുന്നത്. പരിശീലന കേന്ദത്തില്‍ 45 വയസിന് താഴെ പ്രായപരിധിയുള്ളവര്‍ക്ക് പരിശീലനത്തിനായി അപേക്ഷിക്കാം.
ഡയറി ഫാം ആന്റ് വെര്‍മി കമ്പോസ്റ്റ്, പേപ്പര്‍ കവര്‍/എന്‍വലപ്, ഇരുചക്രവാഹന മെക്കാനിസം, മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, ഫോട്ടോഗ്രഫി/വീഡിയോഗ്രഫി, ആഭരണ നിര്‍മാണം, എന്നിങ്ങനെ 10 മുതല്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കുന്ന നാഷണല്‍ സ്‌കില്‍ ക്യാളിഫിക്കേഷന്‍ ഫോറത്തിന്റെ അനുമതിയുള്ള 25 നൈപുണ്യ വികസന കോഴ്സുകളാണ് ഈ വര്‍ഷം ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തിലൂടെ പരിശീലകര്‍ക്ക് ലഭ്യമാവുക. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പൊതുവായും അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യേകമായും പരിശീലനം നല്‍കും. 20 പേര്‍ക്ക് 25 കോഴ്സുകളില്‍ ഒരു കോഴ്സ് പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അത്തരക്കാര്‍ക്കായി പ്രത്യേക ബാച്ച് നടത്താനും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തയ്യാറാകും. കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ ലോണിനും മറ്റും അപേക്ഷിക്കാനും പ്രത്യേക പരിഗണന ഇതിലൂടെ ലഭിക്കും.
ഓഫ് ക്യാമ്പസായും, കുടുംബശ്രീ, എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനയും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനം ലഭ്യമാണ്. ബി.പി.എല്‍, സ്ത്രീകള്‍, മൈനോറിട്ടി വിഭാഗം എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാണ്. 0468-2270244 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.