ലഖ്നൗ : ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ നിരാശരാക്കിയിരുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും ചെന്നൈ ക്യാപ്റ്റൻ കൂടിയായ റുതുരാജിന് ടി20 ടീമില്‍ തുടര്‍ച്ച നല്‍കാത്തതാണ് ചെന്നൈ ആരാധകരെ നിരാശരാക്കിയത്. റുതുരാജ് മഹാരാഷ്ട്രയുടെ സഞ്ജു സാംസണ്‍ ആണെന്ന് വരെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ റുതുരാജിന് ബംഗ്ലാദേശിനെതിരായ ടി20യില്‍ അവസരം നല്‍കാത്തതിന് കാരണം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് ഓപ്പണറായി ഉള്‍പ്പെടുത്താനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് റുതുരാജിനെ ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്‍റെ നായകനാക്കിയത്.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് ടീമില്‍ ഇടം നേടിയെങ്കിലും റുതുരാജിന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായിരുന്നില്ല. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലെ സ്റ്റാന്‍ഡ് ബൈ താരവുമായിരുന്നു റുതുരാജ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രുതുരാജ് പിന്‍മാറിയതോടെ യശസ്വി ജയ്സ്വാളിനെ പിന്നീട് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തു. ഇപ്പോള്‍ ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനം യശസ്വി ഉറപ്പിച്ചെങ്കിലും ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ റുതുരാജിനും അവസരമുണ്ടാകുമെന്നാണ് കരുതുന്നത്. ചേതേശ്വര്‍ പൂജാരയെ പരിഗിണിക്കില്ലെന്ന് ഉറപ്പായതോടെ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയെ ചാമ്പ്യൻമാരാക്കുന്നതിലും റുതുരാജ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ടെസ്റ്റില്‍ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിക്കുന്നു എന്നതിനാലാണ് സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്‍റും റുതുരാജിനെ നിലവില്‍ ടി20 ടീമിലേക്ക് പരിഗണിക്കാത്തതെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ യശസ്വി ജയ്സ്വാളിനോ രോഹിത് ശര്‍മക്കോ പരിക്കേറ്റാല്‍ പകരം ഓപ്പണറായി റുതുരാജിനെ പരിഗണിക്കും. മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് റുതുരാജ് അല്ലാതെ മറ്റ് താരങ്ങളാരും ഇപ്പോള്‍ സെലക്ടര്‍മാരുടെ പരിഗണനയിലില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓസീസ് പര്യടനത്തിന് മുന്നോടിയായി വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും റുതരാജിന് അവസരം നല്‍കിയേക്കുമെന്നാണ് കരുതുന്നത്.