കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ചെല്ലാനം നിവാസികൾക്ക് ആശ്വാസകരമായ രണ്ടാംഘട്ട കടൽഭിത്തി നിർമാണം നടത്തി ആശങ്കകൾ പരിഹരിക്കണമെന്നും. അല്ലെങ്കിൽ യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും എസ് സതീഷ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമാണ്. ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.32 കിലോമീറ്ററിൽ 340 കോടി രൂപ ചെലവിൽ ആദ്യഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം എൽഡിഎഫ് സർക്കാർ 2023-ൽ പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടമായി ചെല്ലാനം-കണ്ണമാലി പ്രദേശത്തെ പുത്തൻതോട് മുതൽ മാനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിൽ ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. കിഫ്ബി മുഖാന്തരം 404 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
എന്നാൽ കിഫ്‌ബി പ്രവർത്തനം അവസാന്നിപ്പിക്കുന്നതിലൂടെ ചെല്ലാനം രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിലാകും. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ ചെല്ലാനത്തെ അവഗണിച്ചതിന്റെ തുടർച്ചയാണിത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ കിഫ്ബിയെ അപ്രസക്തമാക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബി മുഖാന്തരം 96,554.53 കോടി രൂപയുടെ 1216 പദ്ധതികൾക്കാണ് എൽഡിഎഫ് സർക്കാർ അനുമതി നൽകിയത്. 41,701.99 കോടി രൂപയുടെ 814 പദ്ധതികൾക്ക് കരാറായി. ഇതിൽ 24,734.58 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയ കിഫ്ബിയെ തകർത്ത്, പശ്ചാത്തല സൗകര്യ വികസനത്തിന് പൂർണമായും സ്വകാര്യ നിക്ഷേപകരെ ആശ്രയിക്കുകയാണ് യുഡിഎഫ്.
സ്വകാര്യ കുത്തകകളെ ആശ്രയിക്കുന്ന കേന്ദ്രസർക്കാരിന്റെ അതേ നിലപാടാണ് യുഡിഎഫിനുള്ളത്. മിഷൻ സമുദ്ര, അപൂർവ ധാതുസമ്പത്തിൽ കണ്ണുവെച്ചുള്ള റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ, ഏവിയേഷൻ ഹബ്, ബ്ലൂ ഇക്കണോമി തുടങ്ങിയവ അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് നൽകിയത് ഇതിന് ഉദാഹരണമാണ്. കിഫ്ബി മുഖാന്തരം നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമാക്കണമെന്നും ചെല്ലാനം നിവാസികൾക്ക് ആശ്വാസകരമായ രണ്ടാംഘട്ട കടൽഭിത്തി നിർമാണം യാഥാർത്ഥ്യമാക്കി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അല്ലാത്ത പക്ഷം യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.






























