27.1 C
Pathanāmthitta
Friday, December 3, 2021 4:43 pm
Advertismentspot_img

ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം ; മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നതിനാല്‍ അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും.

കോവിഡ് കാലമായതിനാല്‍ തീര്‍ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസ് കരുതുന്നത് ഉചിതമാകും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിനു പുറമേ മറ്റ് സേവനദാതാക്കളുടെ സേവനവും ഉറപ്പാക്കും. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തീര്‍ഥാടനത്തിനിടെ രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും, 72 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കും പ്രവേശനം അനുവദിക്കും. നിലയ്ക്കലില്‍ ആര്‍ടി ലാമ്പ്, ആന്റിജന്‍ ടെസ്റ്റ് ലാബ് സജ്ജമാക്കും.

ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്‌റ്റേഷനുകളിലും ജില്ലയിലെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. ദേവസ്വം ബോര്‍ഡ് എട്ടു മുതല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കും. 11 മുതല്‍ പ്രസാദ നിര്‍മാണം ആരംഭിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ചുമതലയില്‍ നാല് ഓഫീസുകളുടെ അറ്റകുറ്റപ്പണി നടന്നു വരികയാണ്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പതിമൂന്നോടെ പൂര്‍ത്തിയാകും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് 10ന് പ്രവര്‍ത്തനം ആരംഭിക്കും. ഞുണങ്ങാര്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയായിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറക്കും. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് റസ്‌ക്യു ടീമുകളും പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പ്ലാപ്പള്ളി, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടന കാലത്ത് പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളുമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പുകളുടെ സേവനം പന്തളത്ത് ഉറപ്പു വരുത്തണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമ കെയര്‍ പ്രവര്‍ത്തന സജ്ജമാക്കണം. പന്തളം വലിയകോയിക്കല്‍ ക്ഷേത്ര കടവിലെ കല്‍പ്പടവുകളും, തിട്ടയും തകര്‍ന്നിട്ടുണ്ട്. അവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ഉടനടി പൂര്‍ത്തിയാക്കി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. എംഎല്‍എമാരായ അഡ്വ.കെ.യു അഡ്വ.ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular