ന്യൂഡല്‍ഹി: സച്ചിന് പൈലറ്റിന്റെ മടങ്ങിവരവ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. വിമത എംഎല്‍എമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതില്‍ പൈലറ്റ് ക്യാമ്പ് സന്തുഷ്ടരാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.
സച്ചിന് പൈലറ്റും മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. ഇത് ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖത്തിനേറ്റ നേരിട്ടുള്ള അടിയാണ്. കുതിരക്കച്ചവടം നടത്തുകയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ തെറ്റായ ചെയ്തികള്‍ക്കുള്ള സന്ദേശമാണെന്ന് വേണുഗോപാല്‍.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന് പൈലറ്റ് തന്റെ ആവലാതികള്‍ വിശദമായി സംസാരിച്ചു. അവര്‍ തുറന്ന ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിന് പൈലറ്റ് ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ എഐസിസി മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചു- വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മാസക്കാലം പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി നിന്നശേഷമാണ് പൈലറ്റും കൂട്ടരും കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്നത്. സച്ചിന് പൈലറ്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ഉന്നത നേതൃത്വം അശോക് ഗെഹ്ലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. വിമത പടയൊരുക്കം അവസാനിപ്പിച്ച്, ഹരിയാനയില്‍ ബിജെപിയുടെ അതിഥികളായി കഴിയുന്ന 18 എംഎല്‍എമാരുമായി തിരികെ മടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം പലതവണ സച്ചിന് പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് ആരംഭിക്കുകയും അശോക് ഗെഹ്ലോട്ട് വിശ്വാസ വോട്ട് തേടാനിരിക്കെയുമാണ് സച്ചിന് മടങ്ങിവരാനുള്ള സന്ന ദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാര്‍ട്ടി വിഷയം മുഴുവന്‍ പരിഹരിക്കാന്‍ ഇടപെടാം എന്ന് ചര്‍ച്ചയില്‍ രാഹുല്‍ ഉറപ്പു നല്‍കിയതായാണ് വിവരം. വിശ്വാസവോട്ടെടുപ്പില്‍ അശോക് ഗെഹ്ലോട്ടിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് സച്ചിന് പൈലറ്റിനും ഒപ്പമുള്ള എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
































