സംസ്കൃത സർവ്വകലാശാലഃ ബോക്സിംഗ് സെലക്ഷൻ ട്രയൽസ് മൂന്നിന്
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുളള ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുരുഷ – വനിത ടീമുകളെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷൻ ട്രയൽസ് ഡിസംബർ മൂന്നിന് രാവിലെ 11ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുളള 2024 ജൂലൈ ഒന്നിന് 25 വയസ് പൂർത്തിയാകാത്ത വിദ്യാർത്ഥികൾ, സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ഡി. കാർഡും ക്യാമ്പസ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സഹിതം കായിക വിഭാഗത്തിൽ യഥാസമയം ഹാജരാകണം.
സംസ്കൃത സർവ്വകലാശാലഃ അദ്വൈത സെമിനാർ രണ്ടിന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഡിസംബർ രണ്ടിന് സെമിനാർ സംഘടിപ്പിക്കുന്നു. ‘അദ്വൈതത്തിന്റെ ജന്മഭൂവിൽ’ എന്നതാണ് സെമിനാറിന്റെ വിഷയം. ചെന്നൈയിലെ ശ്രീ വിഷ്ണുമോഹൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാർ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ ഡീൻ പ്രൊഫ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരിക്കും. ശ്രീശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, ശ്രീവിഷ്ണുമോഹൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സ്വാമി ശ്രീഹരിപ്രസാദ്, പ്രൊഫ. കെ. എം. സംഗമേശൻ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. പ്രൊഫ. പി. സി. മുരളീമാധവൻ, പ്രൊഫ. സി. എം. നീലകണ്ഠൻ, പ്രൊഫ. നാരായണൻ നമ്പൂതിരി, പ്രൊഫ. കെ. പി. ശ്രീദേവി, പ്രൊഫ. എൻ. കെ. സുന്ദരേശ്വരൻ, ഡോ. സി. എൽ. രാമകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.