ദില്ലി : ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. പുന:സംഘടന അനിവാര്യമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വയനാട്ടിലെ പ്രിയങ്കയുടെ വിജയം പാര്‍ട്ടിക്ക് ഉണര്‍വായെന്നും വിലയിരുത്തലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉണ്ടായിരുന്നു. അതേ ആത്മവിശ്വാസത്തോടെ ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നുവെങ്കിലും വലിയ തിരിച്ചടിയാണ് നേരിട്ടത്.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചിരുന്നു. സാഹചര്യം അനുകൂലമായിരുന്നുവെന്നും ഇത് ഫലമാക്കി മാറ്റാന്‍ പഠിക്കേണ്ടതുണ്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലും എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമായില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഐക്യമില്ലായ്മയും പരസ്പരമുള്ള പ്രസ്താവനകളും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന് ഖര്‍ഗെ പറഞ്ഞു. ഐക്യമില്ലാതെ പരസ്പരവിരുദ്ധമായി പ്രസ്താവനകള്‍ നടത്തുന്ന പക്ഷം എങ്ങനെ പ്രതിയോഗികളെ രാഷ്ട്രീയമായി പരാജയപ്പെടുത്തുമെന്ന ചോദ്യവും ഖര്‍ഗെ യോഗത്തില്‍ ഉന്നയിച്ചു.