ദമ്മാം: മങ്കിപോക്സ് പടരുന്നതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള മുയല്, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ഇറക്കുമതിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. മനുഷ്യരുമായി ഇടപഴകുന്ന മൃഗങ്ങള്‍ക്കാണ് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം പനി പടരുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് നടപടി. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കില്‍ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് വാനര വസൂരി മനുഷ്യരിലേക്ക് പകരുന്നത്. മുറിവുകള്‍, ശരീരസ്രവങ്ങള്‍, ശ്വസനവായു, കിടക്ക എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
വാനര വസൂരി മൃഗങ്ങള്‍ക്കിടയിലെ പകര്‍ച്ചവ്യാധിയാണ്. ഇത് പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകളിലാണ് കണ്ടുതുടങ്ങിയത്. മൃഗങ്ങളും മറ്റു പല വസ്തുക്കളുടെയും കയറ്റുമതി ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ ഈ വൈറസ് മറ്റു പ്രദേശങ്ങളിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് പടരുന്നത് തടയാന്‍ മൃഗവ്യാപാര നിയന്ത്രണത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ചില രാജ്യങ്ങള്‍ ഇതിനകം മനുഷ്യര്‍ ഓമനമൃഗങ്ങളായി വളര്‍ത്തുന്നവയുടെ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.പനി ബാധിക്കാന്‍ സാധ്യതകൂടുതലുള്ള മൃഗങ്ങളെ മറ്റു മൃഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് ഉടനടി ക്വാറന്റീനില്‍ പാര്‍പ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച മൃഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാവുന്ന ഏതെങ്കിലും മൃഗങ്ങളെ ക്വാറന്റീന് ചെയ്യുകയും സാധാരണ മുന്‍കരുതലുകളോടെ കൈകാര്യം ചെയ്യുകയും 30 ദിവസത്തേക്ക് വാനര വസൂരി ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും വേണം.
വൈറസിനെക്കുറിച്ച് ലോക മൃഗാരോഗ്യ സംഘടന പങ്കുവെക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാപാര രംഗത്ത് വേണ്ട നിയന്ത്രണങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ഫെഡറേഷന് ഓഫ് ചേംബേഴ്സ് ഓഫ് കോമേഴ്സിന് കത്തയക്കുകയും ചെയ്തു.
വാനര വസൂരി : ആഫ്രിക്കന്‍ മൃഗങ്ങളുടെ ഇറക്കുമതിക്ക് താല്‍ക്കാലിക വിലക്ക്
RECENT NEWS
Advertisment



























